ശലോമോന്‍റെ ഗാംഭീര്യം
13സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതുകൂടാതെ ശലോമോനു പ്രതിവർഷം ലഭിച്ചിരുന്ന പൊന്നിന്‍റെ തൂക്കം അറുനൂറ്റി അറുപത്താറ് താലന്തു ആയിരുന്നു. 14അറബിരാജാക്കന്മാരും ദേശാധിപതിമാരും ശലോമോനു പൊന്നും വെള്ളിയും കൊണ്ടുവന്നു.
15ശലോമോൻ രാജാവ് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഇരുനൂറ് വൻപരിചകൾ ഉണ്ടാക്കി; ഓരോ പരിചക്കും അറുനൂറു ശേക്കൽ പൊന്ന് ചെലവായി. 16അവൻ അടിച്ചുപരത്തിയ പൊന്നുംകൊണ്ട് മുന്നൂറു ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറുപരിചക്കും മുന്നൂറു ശേക്കൽ പൊന്ന് ചെലവായി. രാജാവ് അവയെ ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു. 17രാജാവ് ആനക്കൊമ്പു കൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു. 18സിംഹാസനത്തിന് ആറു പടികളും പൊന്നുകൊണ്ട് ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്‍റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങുകളും കൈത്താങ്ങുകൾക്കരികെ രണ്ടു സിംഹ പ്രതിമകളും ഉണ്ടായിരുന്നു. 19ആറു പടികളുടെ ഇരുവശത്തുമായി പന്ത്രണ്ടു സിംഹപ്രതിമകൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.
20ശലോമോൻരാജാവിന്‍റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്ക് ശലോമോന്‍റെ കാലത്ത് വിലയില്ലായിരുന്നു. 21രാജാവ് കപ്പലുകൾ ഹൂരാമിന്‍റെ ദാസന്മാരോടുകൂടെ തർശ്ശീശിലേക്ക് അയച്ചിരുന്നു; മൂന്നു വർഷത്തിലൊരിക്കൽ തർശ്ശീശ് കപ്പലുകൾ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.
22ഇങ്ങനെ ശലോമോൻ രാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലും വച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മഹാനായിരുന്നു. 23ദൈവം ശലോമോന്‍റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കുവാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്‍റെ മുഖദർശനം അന്വേഷിച്ചുവന്നു. 24അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്‍റെ കാഴ്ചയായിട്ട് വെള്ളിയും, പൊന്നും കൊണ്ടുള്ള പാത്രങ്ങൾ, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
25ശലോമോനു കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്‍റെ അടുക്കലും പാർപ്പിച്ചിരുന്നു. 26അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്‍റെ അതിർത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു. 27രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ട് കല്ലുപോലെയും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരംപോലെയും ആക്കി. 28മിസ്രയീമില്‍ നിന്നും സകലദേശങ്ങളിൽ നിന്നും ശലോമോനു കുതിരകളെ കൊണ്ടുവന്നു.
29ശലോമോന്‍റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്‍റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്‍റെ പ്രവാചകത്തിലും നെബാത്തിന്‍റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്‍റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ. 30ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനും രാജാവായി നാല്പതു വര്‍ഷം വാണു. 31പിന്നെ ശലോമോൻ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്‍റെ അപ്പനായ ദാവീദിന്‍റെ നഗരത്തിൽ അടക്കം ചെയ്തു; അവന്‍റെ മകനായ രെഹബെയാം അവനു പകരം രാജാവായി.


