രെഹബെയാമിന്‍റെ കുടുംബം

18രെഹബെയാം ദാവീദിന്‍റെ മകനായ യെരീമോത്തിന്‍റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്‍റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു. 19അവർ അവന് യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.

20അതിനു ശേഷം അവൻ അബ്ശാലോമിന്‍റെ മകളായ മയഖായെ വിവാഹം കഴിച്ചു; അവൾ അവന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു. 21രെഹബെയാം തന്‍റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും അധികം അബ്ശാലോമിന്‍റെ മകളായ മയഖായെ സ്നേഹിച്ചു; അവൻ പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.

22രെഹബെയാം മയഖായുടെ മകനായ അബീയാവിനെ രാജാവാക്കുവാൻ താൽപ്പര്യപ്പെട്ടിരുന്നതുകൊണ്ട് അവനെ അവന്‍റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചു. 23അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു; യെഹൂദയിലും ബെന്യാമീനിലും ഉള്ള ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്‍റെ മറ്റ് പുത്രന്മാരെ പിരിച്ചയച്ചു, അവർക്ക് ധാരാളം ഭക്ഷണസാധനങ്ങൾ കൊടുക്കുകയും അവർക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കുകയും ചെയ്തു.