യെഹോശാഫാത്തിന്‍റെ ഭരണത്തിന്‍റെ അന്ത്യം

31യെഹോശാഫാത്ത് യെഹൂദയിൽ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു വര്‍ഷം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് അസൂബാ എന്നു പേരായിരുന്നു; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു. 32അവൻ തന്‍റെ അപ്പനായ ആസായുടെ വഴിയിൽ നടന്ന്, അതു വിട്ടുമാറാതെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു. 33എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം തങ്ങളുടെ ഹൃദയം പിതാക്കന്മാരുടെ ദൈവത്തിങ്കലേക്ക് തിരിച്ചതുമില്ല.

34യെഹോശാഫാത്തിന്‍റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം യിസ്രായേൽ രാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യേഹൂവിന്‍റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

35അതിനുശേഷം യെഹൂദാ രാജാവായ യെഹോശാഫാത്ത് യിസ്രായേൽ രാജാവായ അഹസ്യാവോട് സഖ്യതയിൽ ഏർപ്പെട്ടു. അഹസ്യാവ് മഹാ ദുഷ്പ്രവൃത്തിക്കാരനായിരുന്നു. 36അവൻ തർശ്ശീശിലേക്ക് പോകാൻ കപ്പലുകൾ ഉണ്ടാക്കുന്നതിനായി അവനോട് യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവച്ച് കപ്പലുകളുണ്ടാക്കി. 37എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന് വിരോധമായി പ്രവചിച്ചു: “നീ അഹസ്യാവിനോട് സഖ്യത ചെയ്തതുകൊണ്ട് യഹോവ നിന്‍റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. കപ്പലുകൾ തർശ്ശീശിലേക്കു പോകുവാൻ കഴിയാതെ തകർന്നുപോയി.