യെഹൂദാ രാജാവായ യോശീയാവ്

1യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു; അവൻ മുപ്പത്തിയൊന്നു വര്‍ഷം യെരൂശലേമിൽ വാണു. 2അവൻ യഹോവയ്ക്കു പ്രസാദമായതു ചെയ്തു; തന്‍റെ പിതാവായ ദാവീദിന്‍റെ വഴികളിൽ, വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.

3അവന്‍റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവൻ ചെറുപ്പമായിരുന്നപ്പോൾ തന്നെ, അവൻ തന്‍റെ പിതാവായ ദാവീദിന്‍റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും നീക്കി യെഹൂദയും യെരൂശലേമും വെടിപ്പാക്കുവാൻ തുടങ്ങി. 4അവൻ കാൺകെ അവർ ബാല്‍ വിഗ്രഹങ്ങളുടെ ബലിപീഠങ്ങൾ ഇടിച്ചുകളഞ്ഞു; അവയ്ക്കു മീതെയുള്ള ധൂപപീഠങ്ങൾ അവൻ വെട്ടിക്കളഞ്ഞു. അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും തകർത്ത് പൊടിയാക്കി, അവയ്ക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു. 5അവൻ പൂജാരികളുടെ അസ്ഥികൾ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.

6അങ്ങനെ തന്നെ അവൻ മനശ്ശെയുടെയും എഫ്രയീമിന്‍റെയും ശിമെയോന്‍റെയും പട്ടണങ്ങളിൽ നഫ്താലിവരെ ശുദ്ധീകരണ പ്രവർത്തി ചെയ്തു. 7അവൻ ബലിപീഠങ്ങളെ ഇടിച്ച് അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകർത്തു പൊടിയാക്കി, യിസ്രായേൽദേശം മുഴുവൻ സകല ധൂപപീഠങ്ങളും വെട്ടിക്കളഞ്ഞ ശേഷം യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

8അവന്‍റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ യിസ്രായേൽ ദേശവും ആലയവും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്‍റെ മകൻ ശാഫാനെയും നഗരാധിപതി മയശേയാവെയും യോവാശിന്‍റെ മകൻ കൊട്ടാരം കാര്യസ്ഥനായ യോവാഹിനെയും തന്‍റെ ദൈവമായ യഹോവയുടെ ആലയത്തിന്‍റെ കേടുപാട് തീർപ്പാൻ നിയോഗിച്ചു. 9അവർ മഹാപുരോഹിതനായ ഹില്ക്കീയാവിന്‍റെ അടുക്കൽ ചെന്നപ്പോൾ, വാതിൽകാവല്ക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലാ യിസ്രായേലിനോടും യെഹൂദയോടും ബെന്യാമീനോടും യെരൂശലേം നിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന പണം അവരെ ഏല്പിച്ചു.

10അവർ അത് യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും, അവർ ആ പണം യഹോവയുടെ ആലയത്തിന്‍റെ കേടുപാട് തീർക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു. 11ചെത്തിയ കല്ലും തുലാങ്ങൾക്കുള്ള തടിയും വാങ്ങേണ്ടതിനും യെഹൂദാ രാജാക്കന്മാരുടെ അശ്രദ്ധ മൂലം നശിച്ചുപോയിരുന്ന കെട്ടിടങ്ങൾക്ക് തുലാങ്ങൾ വയ്ക്കേണ്ടതിനും കല്പണിക്കാർക്കും ആശാരിമാർക്കും കൂലി കൊടുക്കണ്ടതിനും തന്നെ.

12ആ പുരുഷന്മാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; മെരാര്യരിൽ, യഹത്ത്, ഓബദ്യാവ് എന്നീ ലേവ്യരും, കെഹാത്യരിൽ സെഖര്യാവ് മെശുല്ലാം എന്നിവരും അവരുടെ മേൽവിചാരകന്മാർ ആയിരുന്നു. 13വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ സാമർത്ഥ്യമുള്ള ലേവ്യർ, ചുമട്ടുകാർക്കും പലവിധ വേലചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ രേഖകളുടെ എഴുത്തുകാരും, ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും, ആയിരുന്നു.