സമാധാനപരമായ രാജ്യം

1എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും;

അവന്‍റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും.

2അവന്‍റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും;

ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്,

ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്,

പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ.

3അവന്‍റെ ആനന്ദം യഹോവാഭക്തിയിൽ ആയിരിക്കും;

അവൻ കണ്ണുകൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല;

ചെവികൊണ്ട് കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല.

4അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും

ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും;

തന്‍റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും;

തന്‍റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.

5നീതി അവന്‍റെ നടുക്കെട്ടും

വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും.

6ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും;

പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും;

പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും;

ഒരു ചെറിയ കുട്ടി അവയെ നടത്തും.

7പശു കരടിയോടുകൂടെ മേയും;

അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും;

സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.

8മുലകുടിക്കുന്ന ശിശു സർപ്പത്തിന്‍റെ മാളത്തിനു മുകളിൽ കളിക്കും;

മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.

9സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ

ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ

എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും

ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല.