സാക്ഷ്യകൂടാരത്തിന്മേലുള്ള മേഘം

15തിരുനിവാസം ഉയർത്തി നിർത്തിയ നാളിൽ മേഘം സമാഗമനകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ട് രാവിലെവരെ അത് തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു. 16അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആയിരുന്നു; പകൽ മേഘമായും രാത്രി അഗ്നിപ്രകാശമായും അതിനെ മൂടിയിരുന്നു. 17മേഘം കൂടാരത്തിന്മേൽനിന്ന് പൊങ്ങുമ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടും; മേഘം നില്‍ക്കുന്നയിടത്ത് അവർ പാളയമിറങ്ങും. 18യഹോവയുടെ കല്പനപോലെ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടുകയും, പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ എല്ലാം അവർ പാളയമടിച്ച് താമസിക്കും. 19മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ നിലകൊണ്ടപ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ കല്പനയ്ക്കായി കാത്തിരുന്നു. 20ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും. 21ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; പ്രഭാതകാലത്ത് മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും. 22രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ നിലയുറപ്പിച്ചാൽ യിസ്രായേൽ മക്കൾ പുറപ്പെടാതെ പാളയമടിച്ച് താമസിക്കും; അത് പൊങ്ങുമ്പോഴോ അവർ പുറപ്പെടും. 23യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും, യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.