ദാവീദ് ഒരു യാഗപീഠം നിർമിക്കുന്നു
18അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ആജ്ഞാപിച്ചു: “ ‘ചെന്ന് യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക,’ എന്ന് ദാവീദിനെ അറിയിക്കുക!” 19യഹോവയുടെ നാമത്തിൽ ഗാദു പറഞ്ഞവാക്കുകൾ അനുസരിച്ച് ദാവീദ് പോയി.
20അരവ്നാ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കുമ്പോൾ തിരിഞ്ഞു ദൂതനെക്കണ്ടു. അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്ന നാലു പുത്രന്മാരും പോയി ഒളിച്ചുകളഞ്ഞു. 21ആ സമയത്തു ദാവീദ് സമീപമെത്തി. അരവ്നാ ദാവീദിനെക്കണ്ടപ്പോൾ മെതിക്കളംവിട്ട് ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
22ദാവീദ് അരവ്നായോടു പറഞ്ഞു: “ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം പണിയുന്നതിന് നിന്റെ മെതിക്കളം ഇരിക്കുന്ന ഭൂമി എനിക്കു തരിക; അതിന്റെ മുഴുവൻ വിലയും പറ്റിക്കൊണ്ട് അതെനിക്കു തരിക!”
23അരവ്നാ ദാവീദിനോടു പറഞ്ഞു: “എടുത്തുകൊണ്ടാലും! എന്റെ യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും! ഹോമയാഗത്തിനുള്ള കാളകളെ ഞാൻ തരാം. വിറകിനു മെതിവണ്ടികളും ധാന്യബലിക്കു ഗോതമ്പും എല്ലാം ഞാൻ തരാം.”
24എന്നാൽ ദാവീദുരാജാവ് അരവ്നായോട് ഇപ്രകാരമാണ് മറുപടി പറഞ്ഞത്: “അല്ല, മുഴുവൻ വിലയും തരുന്ന കാര്യത്തിൽ എനിക്കു നിർബന്ധമുണ്ട്. നിന്റേതായ ഒന്നും, യഹോവയ്ക്ക് അർപ്പിക്കാനായി, ഞാൻ എടുക്കുകയില്ല; ചെലവില്ലാത്ത ഹോമയാഗം ഞാൻ അർപ്പിക്കുകയുമില്ല.”
25അങ്ങനെ ദാവീദ് ആ സ്ഥലത്തിനു വിലയായി അറുനൂറു ശേക്കേൽ സ്വർണം അരവ്നായ്ക്കു കൊടുത്തു. 26ദാവീദ് അവിടെ യഹോവയ്ക്കൊരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. ദാവീദ് യഹോവയോടു നിലവിളിക്കുകയും യഹോവ ആകാശത്തുനിന്നു ഹോമപീഠത്തിന്മേൽ തീയിറക്കി ഉത്തരമരുളുകയും ചെയ്തു.
27അപ്പോൾ യഹോവ ദൂതനോടു കൽപ്പിച്ചു; ദൂതൻ വാൾ പിൻവലിച്ച് ഉറയിലിട്ടു. 28യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽവെച്ച് യഹോവ തനിക്ക് ഉത്തരമരുളി എന്നുകണ്ടപ്പോൾ ദാവീദ് അവിടെ യാഗങ്ങൾ അർപ്പിച്ചു. 29മോശ മരുഭൂമിയിൽവെച്ചുണ്ടാക്കിയ യഹോവയുടെ സമാഗമകൂടാരവും ഹോമപീഠവും അന്ന് ഗിബെയോനിലെ ആരാധനാസ്ഥലത്തായിരുന്നു. 30യഹോവയുടെ ദൂതന്റെ വാളിനെ ഭയപ്പെട്ടിരുന്നതുകൊണ്ട് ദാവീദിന് അതിന്റെ മുമ്പാകെചെന്ന് ദൈവഹിതം ആരായുന്നതിനു കഴിഞ്ഞില്ല.
1അതിനുശേഷം ദാവീദ്, “ദൈവമായ യഹോവയുടെ ആലയവും, ഇസ്രായേലിന് ഹോമയാഗം കഴിക്കുന്നതിനുള്ള യാഗപീഠവും ഇവിടെ ആയിരിക്കണം” എന്നു പറഞ്ഞു.


