ഹാമാന്റെ കോപം മൊർദെഖായിക്കെതിരേ

9ഹാമാൻ അന്ന് ആനന്ദത്തോടെ ഉല്ലസിച്ചുകൊണ്ടു മടങ്ങിപ്പോയി. എന്നാൽ മൊർദെഖായി രാജകവാടത്തിൽ തന്റെ സമീപത്തിൽ എഴുന്നേൽക്കാതെയും തന്നെ ഭയപ്പെടാതെയും ഇരിക്കുന്നതു കണ്ടിട്ട് അദ്ദേഹത്തിന്റെ ഉള്ളിൽ മൊർദെഖായിക്കെതിരേ കോപം നിറഞ്ഞു. 10എങ്കിലും ഹാമാൻ ആത്മനിയന്ത്രണം പാലിച്ചു വീട്ടിലേക്കു മടങ്ങി.

സ്നേഹിതരെയും തന്റെ ഭാര്യയായ സേരെശിനെയും വിളിച്ചുവരുത്തി. 11ഹാമാൻ തന്റെ ധനമഹിമയും പുത്രബഹുത്വവും രാജാവു തന്നെ ആദരിച്ചു മറ്റു പ്രഭുക്കന്മാരിൽനിന്നും ഉദ്യോഗസ്ഥന്മാരിൽനിന്നും ഉയർത്തിയതും അവരോടു വിവരിച്ചു. 12അദ്ദേഹം തുടർന്നു, “അതുമാത്രമല്ല, രാജാവിനോടൊപ്പം വിരുന്നിന് എസ്ഥേർരാജ്ഞി ക്ഷണിച്ച ഏക വ്യക്തിയും ഞാനാണ്. നാളെയും രാജാവിനോടൊപ്പം ചെല്ലാൻ എന്നെ ക്ഷണിച്ചിരിക്കുന്നു. 13എന്നാൽ യെഹൂദനായ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുന്നതു കാണുന്നിടത്തോളം ഇതൊന്നും എനിക്കു തൃപ്തി നൽകുന്നില്ല.”

14അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായ സേരെശും സകലസ്നേഹിതരും അദ്ദേഹത്തോട്, “അൻപതുമുഴം ഉയരമുള്ള ഒരു തൂക്കുമരം ഉണ്ടാക്കി, രാവിലെ ചെന്ന് മൊർദെഖായിയെ അതിന്മേൽ തൂക്കാൻ രാജാവിനോട് അപേക്ഷിക്ക. അതിനുശേഷം സന്തോഷത്തോടെ രാജാവിനോടൊപ്പം വിരുന്നിനു പോകുക.” ഈ ഉപദേശം ഹാമാനു ബോധിച്ചു; അവൻ തൂക്കുമരം പണിയിച്ചു.