Select a Verse

യെശയ്യായുടെ ഉപദേശം തേടുന്നു

1ഹിസ്കീയാരാജാവ് അത് കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്ത് യഹോവയുടെ ആലയത്തിൽ ചെന്നു. 2പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യസ്ഥനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍റെ അടുക്കൽ അയച്ചു. 3അവർ പ്രവാചകനോട് ഹിസ്കീയാവിന്‍റെ സന്ദേശം ഇപ്രകാരം അറിയിച്ചു: “ഇത് കഷ്ടവും ശാസനയും ദൈവനിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; എന്നാൽ പ്രസവിപ്പാനോ ശക്തിയില്ല. 4ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്‍റെ യജമാനനായ അശ്ശൂർ രാജാവ് അയച്ചു പറയിക്കുന്ന വാക്കുകൾ നിന്‍റെ ദൈവമായ യഹോവ ഒരുപക്ഷെ കേൾക്കും; യഹോവ ഈ നിന്ദാവാക്കുകൾക്കു പ്രതികാരംചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.”

5ഹിസ്കീയാരാജാവിന്‍റെ ഭൃത്യന്മാർ യെശയ്യാവിന്‍റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്: 6“നിങ്ങൾ നിങ്ങളുടെ യജമാനനോടു യഹോവയുടെ അരുളപ്പാടായി പറയേണ്ടതെന്തെന്നാൽ: ‘അശ്ശൂർരാജാവിന്‍റെ ഭൃത്യന്മാർ എന്നെ നിന്ദിച്ച് പറഞ്ഞതും നീ കേട്ടതുമായ വാക്കുകൾനിമിത്തം ഭയപ്പെടേണ്ടാ. 7ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്‍റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ട് വീഴുമാറാക്കും.”

8റബ്-ശാക്കേ മടങ്ങിച്ചെന്നപ്പോൾ അശ്ശൂർ രാജാവ് ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്നു അവൻ കേട്ടിരുന്നു.

9കൂശ്‌രാജാവായ തിർഹാക്ക തന്‍റെ നേരെ യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടു അവൻ പിന്നെയും ഹിസ്കീയാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാൽ: 10“നിങ്ങൾ യെഹൂദാ രാജാവായ ഹിസ്കീയാവിനോട് പറയേണ്ടത്: ‘യെരൂശലേം അശ്ശൂർരാജാവിന്‍റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്നു പറഞ്ഞ് നീ ആശ്രയിക്കുന്ന നിന്‍റെ ദൈവം നിന്നെ ചതിക്കരുത്. 11അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ മാത്രം രക്ഷപെടുമോ? 12ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ ഏദേന്യർ എന്നിങ്ങനെ എന്‍റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജനതകളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? 13ഹമാത്ത്‌ രാജാവും, അർപ്പാദ്‌ രാജാവും, സെഫർവ്വയീംപട്ടണം ഹേന ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?”

14ഹിസ്കീയാവ് ദൂതന്മാരുടെ കയ്യിൽനിന്ന് എഴുത്ത് വാങ്ങി വായിച്ചു; അവൻ യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു തുറന്നുവച്ചു. 15ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചു പറഞ്ഞത് എന്തെന്നാൽ: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. 16യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്‍റെ വാക്കു കേൾക്കേണമേ.

17യഹോവേ, അശ്ശൂർരാജാക്കന്മാർ ആ ജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യംതന്നേ. 18അവരുടെ ദേവന്മാരെ അവർ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു. 19ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്‍റെ കയ്യിൽനിന്നു രക്ഷിക്കേണമേ.”

യെശയ്യാവിന്‍റെ സന്ദേശം

20ആമോസിന്‍റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്‍റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർ രാജാവായ സൻഹേരീബിന്‍റെ നിമിത്തം എന്നോട് പ്രാർത്ഥിച്ചതു ഞാൻ കേട്ടു. 21അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു:

‘സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു;

യെരൂശലേംപുത്രി നിന്‍റെ പിന്നാലെ പരിഹാസത്തോടെ തല കുലുക്കുന്നു.

22നീ ആരെയാകുന്നു നിന്ദിച്ച് ദുഷിച്ചത്?

ആർക്ക് വിരോധമായിട്ടാകുന്നു നീ ഉച്ചത്തിൽ സംസാരിക്കയും

അഹന്തയോടെ തല ഉയർത്തുകയും ചെയ്തത്?

യിസ്രായേലിന്‍റെ പരിശുദ്ധന് വിരോധമായിട്ട് തന്നെയല്ലോ.

23നിന്‍റെ ദൂതന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു:

‘എന്‍റെ അസംഖ്യം രഥങ്ങളോടുകൂടെ ഞാൻ മലമുകളിലും

ലെബാനോന്‍റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു;

അതിലെ പൊക്കമുള്ള ദേവദാരുക്കളും

വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും;

അതിന്‍റെ അതിർത്തിയിലെ പാർപ്പിടംവരെയും

തഴച്ചുവളരുന്ന കാടുവരെയും ഞാൻ കടന്നുചെല്ലും.

24ഞാൻ അന്യജലം കുഴിച്ചെടുത്ത് കുടിക്കും.

എന്‍റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു.

25ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി,

പൂർവ്വകാലത്തു തന്നെ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ?

ഉറപ്പുള്ള പട്ടണങ്ങളെ നീ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ

ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.

26അതുകൊണ്ട് അവയിലെ നിവാസികൾ

ബലഹീനരായി വിരണ്ട് അമ്പരന്നുപോയി;

അവർ വയലിലെ പുല്ലും, പച്ചച്ചെടിയും,

പുരപ്പുറത്തു വളരുന്ന പുല്ലും,

വളർച്ചയെത്തുന്നതിന് മുമ്പ്

കരിഞ്ഞുപോയ ധാന്യവുംപോലെ ആയി.

27എന്നാൽ നിന്‍റെ ഇരിപ്പും, നിന്‍റെ ഗമനവും ആഗമനവും,

എന്‍റെ നേരെയുള്ള നിന്‍റെ കോപഭ്രാന്തും ഞാൻ അറിയുന്നു.

28എന്‍റെ നേരെയുള്ള നിന്‍റെ കോപഭ്രാന്തുകൊണ്ടും

എന്‍റെ ചെവിയിൽ എത്തിയിരിക്കുന്ന അഹങ്കാരവാക്കുകൾ കൊണ്ടും

ഞാൻ എന്‍റെ കൊളുത്ത് നിന്‍റെ മൂക്കിലും

എന്‍റെ കടിഞ്ഞാൺ നിന്‍റെ അധരങ്ങളിലും ഇട്ടു,

നീ വന്ന വഴിക്ക് തന്നെ നിന്നെ മടക്കിക്കൊണ്ടുപോകും.

29എന്നാൽ ഇത് നിനക്കു അടയാളം ആകും;

നിങ്ങൾ ഈ ആണ്ടിലും രണ്ടാം ആണ്ടിലും

തനിയെ കിളിർത്ത് വിളയുന്ന ധാന്യം ഭക്ഷിക്കും;

മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ച് കൊയ്യുകയും

മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ ഫലം തിന്നുകയും ചെയ്യും.

30യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം

വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായിക്കും.

31ഒരു ശേഷിപ്പ് യെരൂശലേമിൽ നിന്നും ഒരു രക്ഷിതഗണം

സീയോൻ പർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും;

യഹോവയുടെ തീക്ഷ്ണത ഈ കാര്യം നിവർത്തിക്കും.”

32അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“അവൻ ഈ നഗരത്തിലേക്ക് വരികയില്ല;

ഒരു അമ്പ് അവിടെ എയ്കയില്ല.

അതിന്‍റെ നേരെ പരിചയോടുകൂടെ വരികയില്ല;

അതിന് എതിരെ ഉപരോധത്തിനുള്ള മൺകൂന നിർമ്മിക്കുകയുമില്ല.

33അവൻ വന്ന വഴിക്കു തന്നെ മടങ്ങിപ്പോകും;

ഈ നഗരത്തിലേക്കു വരികയില്ല.

34എന്‍റെ നിമിത്തവും എന്‍റെ ദാസനായ ദാവീദിന്‍റെ നിമിത്തവും

ഞാൻ ഈ നഗരത്തെ പരിപാലിച്ച് രക്ഷിക്കും” എന്നു യഹോവയുടെ അരുളപ്പാടു.

35അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തി അയ്യായിരംപേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു. 36അങ്ങനെ അശ്ശൂർ രാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു. അവൻ മടങ്ങിപ്പോയി നീനെവേയിൽ പാർത്തു.

37അവൻ തന്‍റെ ദേവനായ നിസ്രോക്കിന്‍റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്‍റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ട് അരാരാത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു. അവന്‍റെ മകനായ ഏസെർ-ഹദ്ദോൻ അവനു പകരം രാജാവായി.