Select a Verse

ബാബേലിന്‍റെ പതനം

1“ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക;

കൽദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക;

നിന്നെ ഇനി തന്വംഗി എന്നും

സുഖഭോഗിനി എന്നും വിളിക്കുകയില്ല.

2തിരികല്ല് എടുത്തു മാവ് പൊടിക്കുക;

നിന്‍റെ മൂടുപടം നീക്കുക;

വസ്ത്രാഗ്രം എടുത്തു കുത്തി

തുട മറയ്ക്കാതെ നദികളെ കടക്കുക.

3നിന്‍റെ നഗ്നത അനാവൃതമാകും; നിന്‍റെ നാണിടം കാണും;

ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.”

4ഞങ്ങളുടെ വീണ്ടെടുപ്പുകാരന്‍ സൈന്യങ്ങളുടെ യഹോവ,

യിസ്രായേലിന്‍റെ പരിശുദ്ധൻ എന്നാകുന്നു അവന്‍റെ നാമം.

5“കൽദയപുത്രീ, മിണ്ടാതെയിരിക്കുക; ഇരുട്ടിലേക്ക് പോവുക;

നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കുകയില്ല.

6ഞാൻ എന്‍റെ ജനത്തോടു കോപിച്ചു,

എന്‍റെ അവകാശത്തെ അശുദ്ധമാക്കി,

അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചുതന്നു;

നീ അവരോടു കനിവ് കാണിക്കാതെ

വൃദ്ധന്മാരുടെ മേൽപോലും നിന്‍റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു.

7‘ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും’ എന്നു നീ പറഞ്ഞ്

അത് കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓർക്കാതെയും ഇരുന്നു.

8അതിനാൽ: ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരുമില്ല;

ഞാൻ വിധവയായിരിക്കുകയില്ല; പുത്രനഷ്ടം അറിയുകയുമില്ല’

എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും

നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്കുക:

9പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്ന് ഒരു ദിവസത്തിൽ തന്നെ നിനക്കു ഭവിക്കും;

നിന്‍റെ ക്ഷുദ്രപ്രയോഗങ്ങൾ എത്ര പെരുകിയിരുന്നാലും

നിന്‍റെ ആഭിചാരങ്ങൾ എത്ര അധികമായിരുന്നാലും

അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കുകയില്ല.

10നീ നിന്‍റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല’ എന്നു പറഞ്ഞുവല്ലോ;

നിന്‍റെ ജ്ഞാനവും നിന്‍റെ അറിവും നിന്നെ തെറ്റിച്ചുകളഞ്ഞു;

‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരും ഇല്ല’

എന്നു നീ നിന്‍റെ ഹൃദയത്തിൽ പറഞ്ഞു.

11അതുകൊണ്ട് മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്‍റെമേൽ വരും;

നിന്നാൽ പരിഹരിക്കുവാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും;

നീ അറിയാത്ത നാശം പെട്ടെന്ന് നിന്‍റെമേൽ വരും.

12നീ ബാല്യംമുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്‍റെ മന്ത്രവാദങ്ങൾകൊണ്ടും

ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോൾ നിന്നുകൊള്ളുക;

പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!

13നിന്‍റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു;

ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും

നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും

ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.

14ഇതാ, അവർ വൈക്കോൽകുറ്റിപോലെ ആയി തീയ്ക്ക് ഇരയാകും;

അവർ അഗ്നിജ്വാലയിൽനിന്ന് അവരെത്തന്നെ വിടുവിക്കുകയില്ല;

അത് കുളിർ മാറ്റുവാൻ തക്ക കനലും

കായുവാൻ തക്ക തീയും അല്ല.

15ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു;

നിന്‍റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർ

ഓരോരുത്തൻ അവനവന്‍റെ ദിക്കിലേക്കു അലഞ്ഞുപോകും;

ആരും നിന്നെ രക്ഷിക്കുകയില്ല.”